Wednesday, December 26, 2007

എന്റെ സരസ്വതിടീച്ചര്‍ക്ക്.!!

ഴയുടെ മനസ്സ് പകര്‍ന്നുതന്നിരുന്ന എന്റെ ബാല്യം.
ഞാന്‍ കാറ്റിനേയും പ്രകൃതിയേയും നക്ഷത്രക്കൂട്ടങ്ങളേയും
പ്രണയിച്ചരാവ്, കാറ്റിന്റെ കുളിര്‍മയില്‍ രാപ്പാടിപാടിയ
പാട്ടിന്റെ ഈണത്തില്‍ മതിമറന്നനക്ഷത്രത്തിളക്കത്തില്‍
ലയിച്ചുനിന്ന മേഘങ്ങള്‍,

ആ മേഘങ്ങള്‍ കണ്ട് മതിമറന്ന് ആഘോഷിച്ചിരുന്നരാവുകള്‍...
അതില്‍അസൂയാലുക്കളായ ഇലത്തുമ്പില്‍ പകരാന്‍വെമ്പിനില്‍ക്കുന്ന
മഞ്ഞുതുള്ളികള്‍, ആ മഞ്ഞുതുള്ളികള്‍ കാതങ്ങള്‍ക്കപ്പുറം കാറ്റിലുലയുന്ന
ഹൃദയഗീതം കാണാതെപോയി
ദശാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും ഇന്നും നിറം മങ്ങാത്ത ആ സുവര്‍ണ്ണ
നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ വേനല്‍മഴ..


ഓര്‍മ്മകള്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന ആ വിദ്യാലയം,
ആ മണ്ണില്‍ ഓടിക്കളിച്ചതും,കണ്ണാരം പൊത്തിക്കളിച്ചതും,
മുറ്റത്ത് പെയ്യുന്ന മഴത്തുള്ളികളെ പവിഴമുത്തുകളാണന്ന് കരുതി
കൌതുകത്തോടെ നോക്കിയിരുന്നതിന്
സരസ്വതി ടീച്ചര്‍ വഴക്ക് പറഞ്ഞതും....
ഇന്നലെ എന്നത് പോലെ മനസ്സില്‍ തിരിതെളിയുന്നൂ.

എന്റെ അമ്മയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളില്‍ പോയത്,
ആ ദിനങ്ങള്‍ ഇന്നും മറക്കാന്‍ പറ്റില്ലാ..

ആദ്യ ദിവസം ക്ലാസ് റൂമില്‍ എത്തിയപ്പോള്‍ സരസ്വതി ടീച്ചര്‍
പരിചയപ്പെട്ടത് ഇങ്ങനെ.;നിന്റെ പേരെന്താ. പേരുപറഞ്ഞ് തീരും
മുന്നെ അടുത്ത ചോദ്യം.. തേങ്ങയ്ക്ക് എത്ര കണ്ണുണ്ട്..?
ശ്ശെടാ അതൊക്കെ എനിക്ക് അറിയാമൊ..?

[അതൊക്കെ അറിയാമായിരുന്നേല്‍ ഞാന്‍ ഇന്നു ആരായേനെ]
എന്നാലും ഞാന്‍ പറഞ്ഞൂ നാല്..
സരസ്വതിടീച്ചര്‍ ഉടനെ:- ആ.......നിനക്കൊരെല്ലു കൂടുതലാണല്ലെ..
ഞങ്ങളുടെ വീട്ടിലെ തേങ്ങകള്‍ക്ക് എല്ലാം മൂന്ന് കണ്ണുകളെ ഉള്ളൂ..
നിങ്ങളുടെ വീട്ടിലെ തേങ്ങയ്ക്ക് മാത്രം നാലു കണ്ണൊ..?

ഹമ്പടാ.. അങ്ങനെ അവിടിരിത്തിക്കൊളൂ എന്ന് ടീച്ചര്‍ അമ്മയോട് പറഞ്ഞൂ
അങ്ങനെ അവസാനം ഒരു ബെഞ്ചില്‍ എന്നെ ഇരുത്തി ചുറ്റും പുതുമുഖങ്ങള്‍..
അമ്മ പയ്യെ പയ്യെ പുറകിലേയ്ക്ക് നടന്നകന്നൂ ചുറ്റും നോക്കിയപ്പോള്‍
ആകെ ഒരു പേടി, ഒരിക്കലും കണ്ടിട്ടില്ലാത്ത കുറേയേറെ മുഖങ്ങള്‍!
ആകെ സങ്കടവും പേടിയും...

[നിച്ച് അമ്മയുടെ അടുത്ത് പോകണം മിഴിയിണകളില്‍ ഉരുണ്ടുകൂടിയ
ജലകണങ്ങള്‍ അവിടെ മഴത്തുള്ളിപോലെ ഇറ്റുവീഴാന്‍ തുടങ്ങി]


അപ്പോഴേയ്ക്കും സരസ്വതിടീച്ചര്‍വന്ന് ആശ്വസിപ്പിച്ചൂ.
മിഴിയിതളില്‍ തുളുമ്പിയ വിതുമ്പല്‍ അപ്പോഴും മാറിയിരുന്നില്ല!
ആ നിറകണ്ണുകളുമായി ഞാന്‍ പുറത്തേക്ക് നോക്കി പുറത്ത്
അപ്പോള്‍ നല്ല ചാറ്റല്‍ മഴയുണ്ടായിരുന്നൂ.
മുറ്റത്ത് വീഴുന്ന മഴത്തുള്ളികള്‍
പവിഴമുത്തുകളാണെന്ന് കരുതി കൌതുകത്തോടെ അതിനെ ലക്ഷ്യം
വെച്ചുനോക്കിയിരുന്നൂ.. അങ്ങനെ ആദ്യ സ്കൂള്‍ ദിവസ്സം,

നിറം മങ്ങാത്ത ആ സുവര്‍ണ്ണനിമിഷങ്ങള്‍....
ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നറിയാം,എന്നാലും വെറുതെ
ആശിച്ചു പോകുന്നു ഒരു നിമിഷത്തേക്കെങ്കിലും നിങ്ങള്‍ എന്നെത്തേടി
വന്നിരുന്നുവെങ്കില്‍..
മഴത്തുള്ളിപോലെ തെന്നിതെറിച്ചുനടന്നഒരു കുട്ടിക്കാലം...
പാടവരമ്പത്തുകൂടെ പാടിയകലുന്ന കുയിലിന്റെ ഒപ്പം പാടി നടന്ന കുട്ടിക്കാലം...
മനോഹര സന്ധ്യകളില്‍ ചക്രവാളം പോലെ ശോഭിക്കുന്ന ബാല്യം.

മഴയും വെയിലും കൊണ്ട് ശലഭങ്ങളെ പോലെ പാറിപ്പറന്ന ആ ബാല്യം.!!
നാട്ടുവഴികളിലൂടെ തുമ്പികള്‍ക്കു പിറകെ ഒരു തുമ്പിയായ്
പാറിപ്പറന്നു നടന്ന കാലം.. മണ്ണപ്പം ചുട്ടും, ഊഞ്ഞാലാടിയും വികൃതികാട്ടിയും
നടന്നകാലം അതൊക്കെ മറക്കാന്‍ ആര്‍ക്ക് കഴിയും..?

ആമ്പല്‍പ്പൂ ഇറുക്കാന്‍ ആ തോടിയിലെ പടവില്‍ ഇറങ്ങിയപ്പോള്‍
കാലുതെറ്റിവീണതും അതേ ആമ്പല്‍പ്പൂവിന്റെ സുഗന്ധമുള്ള
പുലരിയുടെ മണമുള്ള എന്റെ ബാല്യം....

സ്നേഹത്തിന്റെ ആ വസന്തകാലം..

സ്കൂള്‍ വളപ്പിനുള്ളിലെ തേന്മാവിലെ മാമ്പഴത്തിന്റെ രുചി ഇപ്പൊഴും
നാവിലൂറുന്നു മുത്തശ്ശിക്കഥകള്‍ പറഞ്ഞുതന്ന എന്റെ മുത്തശ്ശിയുടെ
ഓര്‍മകള്‍ ഇപ്പൊഴും കാതില്‍ വന്നലയ്ക്കുന്നു,
മുത്തശ്ശിക്കഥയിലെ ആ യക്ഷിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു
അവള്‍ ചുണ്ണാമ്പ് ചോദിച്ചതും പാദം നിലം തൊടാതെ നിന്നതും
പാലപ്പൂവിന്റെ ഗന്ധം പരത്തുന്ന സന്ധ്യയും,
നിശാഗന്ധിപൂക്കുന്ന രാത്രികാലവും അങ്ങനെയങ്ങനെയെല്ലാമെല്ലാം...

പേരറിയാത്ത കിളികളുടെ ആരവങ്ങളും പൂക്കളുടെ നറുമണവും
ഇന്നും മനസ്സിലുണ്ട്.. അന്ന് ആദ്യക്ഷരം കുറിച്ചപ്പോള്‍ പെയ്ത
ചാറ്റല്‍ മഴ എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ആ സുവര്‍ണ്ണനിമിഷങ്ങള്‍
ആ മഴ ഇന്നും എനിക്കൊപ്പമുണ്ട് ചാറിപ്പോയ പോക്കിരി മഴയായ്.
എന്റെ ലോകത്തുനിന്നും ഞാനും യാത്രയാകും ..

അകലങ്ങളിലെ ആ നിലാവിലേയ്ക്ക്.. ഇന്നലെയുടെ
സംഗീതംപോലെഇന്നത്തെ ഓര്‍മപോലെ നാളെയുടെ കാത്തിരിപ്പുപോലെ..
നിമിഷങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ഓര്‍മകള്‍ മാത്രം ബാക്കിയാകുന്നു...

ജീവിതത്തിന്റെ തിരക്കുകളില്‍ മയങ്ങിക്കിടക്കുന്ന ഒരു പിടി
സ്നേഹസമ്മാനങ്ങള്‍ നല്‍കിയ എന്റെ സരസ്വതി ടീച്ചര്‍...
ഒരിക്കലെങ്കിലും ഒരു യാത്രാ മൊഴി നല്‍കി പിരിഞ്ഞകന്നവര്‍ ...

എനിക്കൊരു ശലഭമാകാന്‍കഴിയുമായിരുന്നെങ്കില്‍
വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി പറന്നുയരാമായിരുന്നൂ ആ നല്ല കാലത്തിലേയ്ക്ക്..
ഈറന്‍ കാറ്റും മഴയുടെനേര്‍ത്ത സഗീതവും നനഞ്ഞമണ്ണിന്റെ
ഗന്ധവുംനഷ്ട ബോധംഉണര്‍ത്തുന്ന ഇന്നലെകളും മറക്കാന്‍ നമുക്കാകുമൊ..?

കിഴക്കിന്റെകൊട്ടാരം എന്നറുയപ്പെടുന്ന ആലപ്പുഴപ്പട്ടണത്തിലെ
MMA യൂപ്പീ സ്കൂളിലെ
അന്നത്തെ സരസ്വതി ടീച്ചര്‍ക്കായ്.
ടീച്ചര്‍ എന്നെ ഇന്നും ഓര്‍ക്കുന്നുണ്ടാകുമൊ..?

എനിക്ക് മറക്കാനാകില്ലല്ലൊആദ്യാക്ഷരം പഠുപ്പിച്ചുതന്ന എന്റെഗുരുവിനെ.