Wednesday, June 18, 2008

ഓര്‍മയില്‍ ഒരുബാല്യം.!!

നസ്സിന്റെ മണ്‍ചിരാതിലെ തിരിനാളങ്ങള്‍ പോലെ...
മാനം കാണാതെ ഒളിപ്പിച്ച മയില്‍പ്പീലിതുണ്ടുപോലെ..
ആദ്യാക്ഷരങ്ങളെ വാത്സല്യത്തോടെ തുടച്ച മഷിത്തണ്ടിലെ
ഈറന്‍ പോലെ സ്നേഹവും സൌഹൃദവും പങ്കുവെച്ച
ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ്..

കുസൃതികളുടെ പൂക്കാലം പകര്‍ന്നു തന്ന എന്റെ ബാല്യം

കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടുമാങ്ങയുടെ മാധുര്യമാണ്,ഓര്‍മകളിലേയ്ക്കുള്ള തിരിച്ചുപോക്ക്. ഓര്‍ക്കുവാനും ഓമനിയ്ക്കുവാനും മാത്രമായി ഒരു കാലഘട്ടം.

അച്ചന്റേയും അമ്മയുടേയും വിരല്‍തുമ്പില്‍ തൂങ്ങിയാടി റെയില്‍പാളത്തിനു മുകളിലൂടെയുള്ള വൈകുന്നേരങ്ങളിലെ യാത്രകളും തോട്ടിലെ മിന്നിമായുന്ന സ്വര്‍ണ്ണവരയുള്ള മത്സ്യങ്ങളും
മുഴങ്ങിക്കേള്‍ക്കുന്ന അമ്പലത്തിലെ ശംഖ് ധ്വനിയും,മണ്ണപ്പം ചുട്ടുകളിക്കാന്‍ എത്തുന്ന കൂട്ടുകാരും,അപ്പുപ്പന്‍ താടികള്‍പോലെ പറന്നു പറന്ന് അപ്പുപ്പന്‍ താടികള്‍പോലെ നടന്നിരുന്ന ആ കാലഘട്ടം. അതൊക്കെ ഓര്‍ക്കുമ്പോള്‍ നോവിന്റെ മാധുര്യം നാള്‍ക്കുനാള്‍ ഏറുകയാണ്..
ഓര്‍മകള്‍ക്ക് പുതുമഴയുടെ തുടിപ്പും പ്രസരിപ്പും

സങ്കടങ്ങളുടെ നീലാകാശത്തിനുമപ്പുറം ആശ്വാസത്തിന്റെ നീര്‍ച്ചാലുമായി എത്തുകയാണ് എന്റെ ഓര്‍മകള്‍ എനിക്കിന്ന്.!!

പണ്ട് തൊടിയിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച്
കൂട്ടുകാരിയുടെ പാവാടത്തുമ്പില്‍ ചെളിപറ്റിച്ചപ്പോള്‍,
അവളെ കളിയാക്കി ചിരിച്ചപ്പോള്‍ ,അന്നവളുടെ മിഴിയിതളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികള്‍ ഭൂമിയില്‍ വീഴാതിരിക്കാനെന്നവണ്ണം എന്റെ മുന്നില്‍ എന്റെ സഹയാത്രികനായി എന്റെ മഴ കടന്നു വന്നു.. എന്റെ ജീവിതത്തില്‍ അന്ന് പെയ്ത ആ മഴ ഇന്നും എനിക്കൊപ്പമുണ്ട് ചാറിപ്പോയ പോക്കിരി മഴയായ്.


ഹൃദയത്തിന്റെ ഭാഷയില്‍ ആശയവിനിമയം നടത്തിയ സ്നേഹത്തിന്റെ
ഇതളുകള്‍ വിരിയിച്ചുനടന്ന സംഘര്‍ഷഭരിതമായ
സുവര്‍ണ്ണനിമിഷങ്ങള്‍

വസന്തം വര്‍ണം ചൊരിയുകയാണിന്ന് എങ്ങും കുരുന്നു സ്വപ്നങ്ങളും മുക്കുറ്റിപ്പൂക്കളും

ബാല്യകാലത്ത് എന്തൊക്കെ ആയിരുന്നു എനിക്ക് മുതല്‍ക്കൂട്ട്

ആമ്പല്‍പ്പൂവും ആലിലയും മഞ്ചാടിക്കുരുവും അരയാലില്‍ കൊമ്പിലെ കുയിലുകളും
അപ്പുപ്പന്‍ താടികളും മിന്നാമിനുങ്ങുകളും മുത്തശ്ശികഥകളും കടംങ്കഥകളും
വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ എന്റെ കയ്യില്‍ ഓര്‍മകള്‍ മാത്രം ബാക്കി.!!

ഇപ്പൊ മിന്നാമിനുങ്ങിനെ കാണാനെ ഇല്ല പെണ്ടൊക്കെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ എന്റെ ചേച്ചിയും ഒത്ത് എന്തു രസമായിരുന്നു മിന്നാമിന്നെയെ പിടിച്ച് കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ട് തുറന്ന് വിടും ഉറങ്ങുമ്പോള്‍ കൂട്ടിനായ് മിന്നാമിനുങ്ങിന്റെ പ്രകാശക്കുത്തൊഴുക്ക്. ഇന്ന് അതൊക്കെ ഓര്‍ക്കാന്‍ തന്നെ എന്തു സുഖമാ മഞ്ചാടിക്കുരു പെറുക്കാനും ആലിലകൊണ്ട് കളമൊരുക്കിത്തരാനും തൊടിയിലെ ഇലഞ്ഞിപ്പൂപെറുക്കാനും വഴക്കിടാനും കഥപറഞ്ഞ്തരാനും വഴിയരികിലെ തേന്മാവിന്‍ ചോട്ടില്‍ നിന്ന് മാമ്പഴം പെറുക്കിത്തരാനും കൂട്ടിനായിഎന്റെ ചേച്ചിയും ഒത്തുള്ള ആ സുവണ്ണ നിമിഷങ്ങള്‍.

സ്മൃതിപഥത്തില്‍ നിന്നും സ്മരണകളുടെ കായല്‍പ്പരപ്പിലൂടെ തെന്നി നീങ്ങി ഞാന്‍ എതോ പേരറിയാത്ത തീരത്ത് എത്തുകയാണിന്ന്



മൌനം പോലും വാചാലമാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലേയ്ക്കൊരു തിരിച്ചുപോക്ക്.!!
സ്നേഹം നിറഞ്ഞ മനസ്സുകള്‍ കൈക്കോര്‍ക്കുമ്പോള്‍ ശബ്ദങ്ങളുടെ ആവശ്യം അവിടെയില്ല സ്നേഹത്തിന്റെ ഭാഷയ്ക്ക് സ്വരങ്ങളില്ല,ശബ്ദങ്ങളില്ല അവിടെ നിറഞ്ഞ സ്നേഹം മാത്രം ആ നിമിഷങ്ങളില്‍ സ്വരം പോലും മിഥ്യയാകുന്ന അവസ്ഥ.!!

ഓര്‍മകളുടെ സ്ഥായിയായ ഭാവം ദുഃഖം മാത്രമാണൊ...?
അറിയില്ല എന്നാലും ഒന്നെനിക്ക് തീര്‍ച്ചയാണ്..
നമ്മളോക്കെ കളിച്ചും ചിരിച്ചും പങ്കിട്ടദിനങ്ങളിലെ ഓര്‍മകള്‍ക്ക് പോലുംകണ്ണുനീരിന്റെ നനവും നഷ്ടബോധത്തിന്റെ നോവുമാണ് എന്നിരുന്നാലും നമ്മളൊക്കെ ഓര്‍മകളില്‍ അലിഞ്ഞ് ചേരാന്‍ കൊതിക്കുന്നൂ കിടന്നാല്‍ ഉറക്കം വരാത്ത മനസ്സും ഉറക്കം കൊതിയ്ക്കുന്ന കണ്ണുകളുമായി ഞാനും.!!