Wednesday, June 18, 2008

ഓര്‍മയില്‍ ഒരുബാല്യം.!!

നസ്സിന്റെ മണ്‍ചിരാതിലെ തിരിനാളങ്ങള്‍ പോലെ...
മാനം കാണാതെ ഒളിപ്പിച്ച മയില്‍പ്പീലിതുണ്ടുപോലെ..
ആദ്യാക്ഷരങ്ങളെ വാത്സല്യത്തോടെ തുടച്ച മഷിത്തണ്ടിലെ
ഈറന്‍ പോലെ സ്നേഹവും സൌഹൃദവും പങ്കുവെച്ച
ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ്..

കുസൃതികളുടെ പൂക്കാലം പകര്‍ന്നു തന്ന എന്റെ ബാല്യം

കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടുമാങ്ങയുടെ മാധുര്യമാണ്,ഓര്‍മകളിലേയ്ക്കുള്ള തിരിച്ചുപോക്ക്. ഓര്‍ക്കുവാനും ഓമനിയ്ക്കുവാനും മാത്രമായി ഒരു കാലഘട്ടം.

അച്ചന്റേയും അമ്മയുടേയും വിരല്‍തുമ്പില്‍ തൂങ്ങിയാടി റെയില്‍പാളത്തിനു മുകളിലൂടെയുള്ള വൈകുന്നേരങ്ങളിലെ യാത്രകളും തോട്ടിലെ മിന്നിമായുന്ന സ്വര്‍ണ്ണവരയുള്ള മത്സ്യങ്ങളും
മുഴങ്ങിക്കേള്‍ക്കുന്ന അമ്പലത്തിലെ ശംഖ് ധ്വനിയും,മണ്ണപ്പം ചുട്ടുകളിക്കാന്‍ എത്തുന്ന കൂട്ടുകാരും,അപ്പുപ്പന്‍ താടികള്‍പോലെ പറന്നു പറന്ന് അപ്പുപ്പന്‍ താടികള്‍പോലെ നടന്നിരുന്ന ആ കാലഘട്ടം. അതൊക്കെ ഓര്‍ക്കുമ്പോള്‍ നോവിന്റെ മാധുര്യം നാള്‍ക്കുനാള്‍ ഏറുകയാണ്..
ഓര്‍മകള്‍ക്ക് പുതുമഴയുടെ തുടിപ്പും പ്രസരിപ്പും

സങ്കടങ്ങളുടെ നീലാകാശത്തിനുമപ്പുറം ആശ്വാസത്തിന്റെ നീര്‍ച്ചാലുമായി എത്തുകയാണ് എന്റെ ഓര്‍മകള്‍ എനിക്കിന്ന്.!!

പണ്ട് തൊടിയിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച്
കൂട്ടുകാരിയുടെ പാവാടത്തുമ്പില്‍ ചെളിപറ്റിച്ചപ്പോള്‍,
അവളെ കളിയാക്കി ചിരിച്ചപ്പോള്‍ ,അന്നവളുടെ മിഴിയിതളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികള്‍ ഭൂമിയില്‍ വീഴാതിരിക്കാനെന്നവണ്ണം എന്റെ മുന്നില്‍ എന്റെ സഹയാത്രികനായി എന്റെ മഴ കടന്നു വന്നു.. എന്റെ ജീവിതത്തില്‍ അന്ന് പെയ്ത ആ മഴ ഇന്നും എനിക്കൊപ്പമുണ്ട് ചാറിപ്പോയ പോക്കിരി മഴയായ്.


ഹൃദയത്തിന്റെ ഭാഷയില്‍ ആശയവിനിമയം നടത്തിയ സ്നേഹത്തിന്റെ
ഇതളുകള്‍ വിരിയിച്ചുനടന്ന സംഘര്‍ഷഭരിതമായ
സുവര്‍ണ്ണനിമിഷങ്ങള്‍

വസന്തം വര്‍ണം ചൊരിയുകയാണിന്ന് എങ്ങും കുരുന്നു സ്വപ്നങ്ങളും മുക്കുറ്റിപ്പൂക്കളും

ബാല്യകാലത്ത് എന്തൊക്കെ ആയിരുന്നു എനിക്ക് മുതല്‍ക്കൂട്ട്

ആമ്പല്‍പ്പൂവും ആലിലയും മഞ്ചാടിക്കുരുവും അരയാലില്‍ കൊമ്പിലെ കുയിലുകളും
അപ്പുപ്പന്‍ താടികളും മിന്നാമിനുങ്ങുകളും മുത്തശ്ശികഥകളും കടംങ്കഥകളും
വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ എന്റെ കയ്യില്‍ ഓര്‍മകള്‍ മാത്രം ബാക്കി.!!

ഇപ്പൊ മിന്നാമിനുങ്ങിനെ കാണാനെ ഇല്ല പെണ്ടൊക്കെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ എന്റെ ചേച്ചിയും ഒത്ത് എന്തു രസമായിരുന്നു മിന്നാമിന്നെയെ പിടിച്ച് കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ട് തുറന്ന് വിടും ഉറങ്ങുമ്പോള്‍ കൂട്ടിനായ് മിന്നാമിനുങ്ങിന്റെ പ്രകാശക്കുത്തൊഴുക്ക്. ഇന്ന് അതൊക്കെ ഓര്‍ക്കാന്‍ തന്നെ എന്തു സുഖമാ മഞ്ചാടിക്കുരു പെറുക്കാനും ആലിലകൊണ്ട് കളമൊരുക്കിത്തരാനും തൊടിയിലെ ഇലഞ്ഞിപ്പൂപെറുക്കാനും വഴക്കിടാനും കഥപറഞ്ഞ്തരാനും വഴിയരികിലെ തേന്മാവിന്‍ ചോട്ടില്‍ നിന്ന് മാമ്പഴം പെറുക്കിത്തരാനും കൂട്ടിനായിഎന്റെ ചേച്ചിയും ഒത്തുള്ള ആ സുവണ്ണ നിമിഷങ്ങള്‍.

സ്മൃതിപഥത്തില്‍ നിന്നും സ്മരണകളുടെ കായല്‍പ്പരപ്പിലൂടെ തെന്നി നീങ്ങി ഞാന്‍ എതോ പേരറിയാത്ത തീരത്ത് എത്തുകയാണിന്ന്



മൌനം പോലും വാചാലമാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലേയ്ക്കൊരു തിരിച്ചുപോക്ക്.!!
സ്നേഹം നിറഞ്ഞ മനസ്സുകള്‍ കൈക്കോര്‍ക്കുമ്പോള്‍ ശബ്ദങ്ങളുടെ ആവശ്യം അവിടെയില്ല സ്നേഹത്തിന്റെ ഭാഷയ്ക്ക് സ്വരങ്ങളില്ല,ശബ്ദങ്ങളില്ല അവിടെ നിറഞ്ഞ സ്നേഹം മാത്രം ആ നിമിഷങ്ങളില്‍ സ്വരം പോലും മിഥ്യയാകുന്ന അവസ്ഥ.!!

ഓര്‍മകളുടെ സ്ഥായിയായ ഭാവം ദുഃഖം മാത്രമാണൊ...?
അറിയില്ല എന്നാലും ഒന്നെനിക്ക് തീര്‍ച്ചയാണ്..
നമ്മളോക്കെ കളിച്ചും ചിരിച്ചും പങ്കിട്ടദിനങ്ങളിലെ ഓര്‍മകള്‍ക്ക് പോലുംകണ്ണുനീരിന്റെ നനവും നഷ്ടബോധത്തിന്റെ നോവുമാണ് എന്നിരുന്നാലും നമ്മളൊക്കെ ഓര്‍മകളില്‍ അലിഞ്ഞ് ചേരാന്‍ കൊതിക്കുന്നൂ കിടന്നാല്‍ ഉറക്കം വരാത്ത മനസ്സും ഉറക്കം കൊതിയ്ക്കുന്ന കണ്ണുകളുമായി ഞാനും.!!

Wednesday, December 26, 2007

എന്റെ സരസ്വതിടീച്ചര്‍ക്ക്.!!

ഴയുടെ മനസ്സ് പകര്‍ന്നുതന്നിരുന്ന എന്റെ ബാല്യം.
ഞാന്‍ കാറ്റിനേയും പ്രകൃതിയേയും നക്ഷത്രക്കൂട്ടങ്ങളേയും
പ്രണയിച്ചരാവ്, കാറ്റിന്റെ കുളിര്‍മയില്‍ രാപ്പാടിപാടിയ
പാട്ടിന്റെ ഈണത്തില്‍ മതിമറന്നനക്ഷത്രത്തിളക്കത്തില്‍
ലയിച്ചുനിന്ന മേഘങ്ങള്‍,

ആ മേഘങ്ങള്‍ കണ്ട് മതിമറന്ന് ആഘോഷിച്ചിരുന്നരാവുകള്‍...
അതില്‍അസൂയാലുക്കളായ ഇലത്തുമ്പില്‍ പകരാന്‍വെമ്പിനില്‍ക്കുന്ന
മഞ്ഞുതുള്ളികള്‍, ആ മഞ്ഞുതുള്ളികള്‍ കാതങ്ങള്‍ക്കപ്പുറം കാറ്റിലുലയുന്ന
ഹൃദയഗീതം കാണാതെപോയി
ദശാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും ഇന്നും നിറം മങ്ങാത്ത ആ സുവര്‍ണ്ണ
നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ വേനല്‍മഴ..


ഓര്‍മ്മകള്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന ആ വിദ്യാലയം,
ആ മണ്ണില്‍ ഓടിക്കളിച്ചതും,കണ്ണാരം പൊത്തിക്കളിച്ചതും,
മുറ്റത്ത് പെയ്യുന്ന മഴത്തുള്ളികളെ പവിഴമുത്തുകളാണന്ന് കരുതി
കൌതുകത്തോടെ നോക്കിയിരുന്നതിന്
സരസ്വതി ടീച്ചര്‍ വഴക്ക് പറഞ്ഞതും....
ഇന്നലെ എന്നത് പോലെ മനസ്സില്‍ തിരിതെളിയുന്നൂ.

എന്റെ അമ്മയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളില്‍ പോയത്,
ആ ദിനങ്ങള്‍ ഇന്നും മറക്കാന്‍ പറ്റില്ലാ..

ആദ്യ ദിവസം ക്ലാസ് റൂമില്‍ എത്തിയപ്പോള്‍ സരസ്വതി ടീച്ചര്‍
പരിചയപ്പെട്ടത് ഇങ്ങനെ.;നിന്റെ പേരെന്താ. പേരുപറഞ്ഞ് തീരും
മുന്നെ അടുത്ത ചോദ്യം.. തേങ്ങയ്ക്ക് എത്ര കണ്ണുണ്ട്..?
ശ്ശെടാ അതൊക്കെ എനിക്ക് അറിയാമൊ..?

[അതൊക്കെ അറിയാമായിരുന്നേല്‍ ഞാന്‍ ഇന്നു ആരായേനെ]
എന്നാലും ഞാന്‍ പറഞ്ഞൂ നാല്..
സരസ്വതിടീച്ചര്‍ ഉടനെ:- ആ.......നിനക്കൊരെല്ലു കൂടുതലാണല്ലെ..
ഞങ്ങളുടെ വീട്ടിലെ തേങ്ങകള്‍ക്ക് എല്ലാം മൂന്ന് കണ്ണുകളെ ഉള്ളൂ..
നിങ്ങളുടെ വീട്ടിലെ തേങ്ങയ്ക്ക് മാത്രം നാലു കണ്ണൊ..?

ഹമ്പടാ.. അങ്ങനെ അവിടിരിത്തിക്കൊളൂ എന്ന് ടീച്ചര്‍ അമ്മയോട് പറഞ്ഞൂ
അങ്ങനെ അവസാനം ഒരു ബെഞ്ചില്‍ എന്നെ ഇരുത്തി ചുറ്റും പുതുമുഖങ്ങള്‍..
അമ്മ പയ്യെ പയ്യെ പുറകിലേയ്ക്ക് നടന്നകന്നൂ ചുറ്റും നോക്കിയപ്പോള്‍
ആകെ ഒരു പേടി, ഒരിക്കലും കണ്ടിട്ടില്ലാത്ത കുറേയേറെ മുഖങ്ങള്‍!
ആകെ സങ്കടവും പേടിയും...

[നിച്ച് അമ്മയുടെ അടുത്ത് പോകണം മിഴിയിണകളില്‍ ഉരുണ്ടുകൂടിയ
ജലകണങ്ങള്‍ അവിടെ മഴത്തുള്ളിപോലെ ഇറ്റുവീഴാന്‍ തുടങ്ങി]


അപ്പോഴേയ്ക്കും സരസ്വതിടീച്ചര്‍വന്ന് ആശ്വസിപ്പിച്ചൂ.
മിഴിയിതളില്‍ തുളുമ്പിയ വിതുമ്പല്‍ അപ്പോഴും മാറിയിരുന്നില്ല!
ആ നിറകണ്ണുകളുമായി ഞാന്‍ പുറത്തേക്ക് നോക്കി പുറത്ത്
അപ്പോള്‍ നല്ല ചാറ്റല്‍ മഴയുണ്ടായിരുന്നൂ.
മുറ്റത്ത് വീഴുന്ന മഴത്തുള്ളികള്‍
പവിഴമുത്തുകളാണെന്ന് കരുതി കൌതുകത്തോടെ അതിനെ ലക്ഷ്യം
വെച്ചുനോക്കിയിരുന്നൂ.. അങ്ങനെ ആദ്യ സ്കൂള്‍ ദിവസ്സം,

നിറം മങ്ങാത്ത ആ സുവര്‍ണ്ണനിമിഷങ്ങള്‍....
ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നറിയാം,എന്നാലും വെറുതെ
ആശിച്ചു പോകുന്നു ഒരു നിമിഷത്തേക്കെങ്കിലും നിങ്ങള്‍ എന്നെത്തേടി
വന്നിരുന്നുവെങ്കില്‍..
മഴത്തുള്ളിപോലെ തെന്നിതെറിച്ചുനടന്നഒരു കുട്ടിക്കാലം...
പാടവരമ്പത്തുകൂടെ പാടിയകലുന്ന കുയിലിന്റെ ഒപ്പം പാടി നടന്ന കുട്ടിക്കാലം...
മനോഹര സന്ധ്യകളില്‍ ചക്രവാളം പോലെ ശോഭിക്കുന്ന ബാല്യം.

മഴയും വെയിലും കൊണ്ട് ശലഭങ്ങളെ പോലെ പാറിപ്പറന്ന ആ ബാല്യം.!!
നാട്ടുവഴികളിലൂടെ തുമ്പികള്‍ക്കു പിറകെ ഒരു തുമ്പിയായ്
പാറിപ്പറന്നു നടന്ന കാലം.. മണ്ണപ്പം ചുട്ടും, ഊഞ്ഞാലാടിയും വികൃതികാട്ടിയും
നടന്നകാലം അതൊക്കെ മറക്കാന്‍ ആര്‍ക്ക് കഴിയും..?

ആമ്പല്‍പ്പൂ ഇറുക്കാന്‍ ആ തോടിയിലെ പടവില്‍ ഇറങ്ങിയപ്പോള്‍
കാലുതെറ്റിവീണതും അതേ ആമ്പല്‍പ്പൂവിന്റെ സുഗന്ധമുള്ള
പുലരിയുടെ മണമുള്ള എന്റെ ബാല്യം....

സ്നേഹത്തിന്റെ ആ വസന്തകാലം..

സ്കൂള്‍ വളപ്പിനുള്ളിലെ തേന്മാവിലെ മാമ്പഴത്തിന്റെ രുചി ഇപ്പൊഴും
നാവിലൂറുന്നു മുത്തശ്ശിക്കഥകള്‍ പറഞ്ഞുതന്ന എന്റെ മുത്തശ്ശിയുടെ
ഓര്‍മകള്‍ ഇപ്പൊഴും കാതില്‍ വന്നലയ്ക്കുന്നു,
മുത്തശ്ശിക്കഥയിലെ ആ യക്ഷിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു
അവള്‍ ചുണ്ണാമ്പ് ചോദിച്ചതും പാദം നിലം തൊടാതെ നിന്നതും
പാലപ്പൂവിന്റെ ഗന്ധം പരത്തുന്ന സന്ധ്യയും,
നിശാഗന്ധിപൂക്കുന്ന രാത്രികാലവും അങ്ങനെയങ്ങനെയെല്ലാമെല്ലാം...

പേരറിയാത്ത കിളികളുടെ ആരവങ്ങളും പൂക്കളുടെ നറുമണവും
ഇന്നും മനസ്സിലുണ്ട്.. അന്ന് ആദ്യക്ഷരം കുറിച്ചപ്പോള്‍ പെയ്ത
ചാറ്റല്‍ മഴ എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ആ സുവര്‍ണ്ണനിമിഷങ്ങള്‍
ആ മഴ ഇന്നും എനിക്കൊപ്പമുണ്ട് ചാറിപ്പോയ പോക്കിരി മഴയായ്.
എന്റെ ലോകത്തുനിന്നും ഞാനും യാത്രയാകും ..

അകലങ്ങളിലെ ആ നിലാവിലേയ്ക്ക്.. ഇന്നലെയുടെ
സംഗീതംപോലെഇന്നത്തെ ഓര്‍മപോലെ നാളെയുടെ കാത്തിരിപ്പുപോലെ..
നിമിഷങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ഓര്‍മകള്‍ മാത്രം ബാക്കിയാകുന്നു...

ജീവിതത്തിന്റെ തിരക്കുകളില്‍ മയങ്ങിക്കിടക്കുന്ന ഒരു പിടി
സ്നേഹസമ്മാനങ്ങള്‍ നല്‍കിയ എന്റെ സരസ്വതി ടീച്ചര്‍...
ഒരിക്കലെങ്കിലും ഒരു യാത്രാ മൊഴി നല്‍കി പിരിഞ്ഞകന്നവര്‍ ...

എനിക്കൊരു ശലഭമാകാന്‍കഴിയുമായിരുന്നെങ്കില്‍
വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി പറന്നുയരാമായിരുന്നൂ ആ നല്ല കാലത്തിലേയ്ക്ക്..
ഈറന്‍ കാറ്റും മഴയുടെനേര്‍ത്ത സഗീതവും നനഞ്ഞമണ്ണിന്റെ
ഗന്ധവുംനഷ്ട ബോധംഉണര്‍ത്തുന്ന ഇന്നലെകളും മറക്കാന്‍ നമുക്കാകുമൊ..?

കിഴക്കിന്റെകൊട്ടാരം എന്നറുയപ്പെടുന്ന ആലപ്പുഴപ്പട്ടണത്തിലെ
MMA യൂപ്പീ സ്കൂളിലെ
അന്നത്തെ സരസ്വതി ടീച്ചര്‍ക്കായ്.
ടീച്ചര്‍ എന്നെ ഇന്നും ഓര്‍ക്കുന്നുണ്ടാകുമൊ..?

എനിക്ക് മറക്കാനാകില്ലല്ലൊആദ്യാക്ഷരം പഠുപ്പിച്ചുതന്ന എന്റെഗുരുവിനെ.

Thursday, December 6, 2007

എന്റെ ആട്ടൊഗ്രാഫില്‍ നിന്ന്.!!

നീ അന്നെനിക്ക് ആരായിരുന്നു..
എന്റെ മനസ്സില്‍ നീ വെറുമൊരു സുഹൃത്തായിരുന്നൊ.?
അതൊ അതിനുമപ്പുറം അരൊക്കെയൊ ആയൊരുന്നൊ..?

എന്റെ മനസ്സില്‍ സൌഹൃദം എന്ന വികാരത്താല്‍
അവളെ ഞാന്‍ ഇഷ്ടപ്പെട്ടൂ. ആ സൌഹൃദം അങ്ങനെ..അങ്ങനെ..


നിമിഷങ്ങള്‍ പെയ്തൊഴിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍
അകന്നുമാറുന്നൂ എന്നറിഞ്ഞില്ലായിരുന്നു..
ഒടുവില്‍ ഞങ്ങളുടെ ക്യാമ്പസ് ജീവിതത്തിന്റെ ചിരിയും
കളിയുംസന്തോഷങ്ങളും നൊമ്പരങ്ങളും
പങ്കുവെയ്ക്കുന്ന ആ സുദിനംകടന്നുവന്നു..

വര്‍ഷങ്ങള്‍ ഞങ്ങള്‍ സഹപാഠികള്‍ യുഗങ്ങളായ്
ആ ക്യാമ്പസില്‍ ആര്‍ത്തൂല്ലസിച്ചൂ..തികച്ചും ജീവിതം
ആര്‍ത്തുല്ലസിച്ച ആ നല്ല നാളുകള്‍..എങ്ങുപോയി മറഞ്ഞുനീ....
ആ നല്ല നാളേയ്ക്കായ് ഈ സമര്‍പ്പണം..!!

ദേശം തേടിയലയുന്ന ദേശാടനക്കിളികളെ പോലെ നമ്മള്‍
എവിടെനിന്നോ പറന്നു വന്നു..... അങ്ങനെ ആ സുദിനം കടന്നുവന്നു..

ഞങ്ങളുടെ കോളേജ് ഡേ..

ഈ തണല്മരത്തിന്‍ കീഴില്‍ തുറന്നുവിട്ടകിളികളായ്
പറന്നുനടന്ന കാലം. എല്ലാം ഇന്നു അവസാനിക്കുകയാണ്.
അന്ന്പരസ്പരംഎല്ലാവരുഒരുനൊമ്പരപ്പോടെയാണെങ്കിലും
യാത്രപറയാനുള്ള തിടുക്കത്തിലായിരുന്നു..പലപ്രണയങ്ങളും
ചിതറിവീഴുന്ന നിമിഷം,പല ബന്ധങ്ങളും വേരറ്റുപോകുന്ന നിമിഷം,
പലതെറ്റുകുറ്റങ്ങളും ഏറ്റുപറയുന്ന നിമിഷം, മനസ്സിലെ
പകയുടെ തീക്കനല്‍ അണയുന്ന നിമിഷം,ജീവിതത്തിന്റെ
പുതിയമട്ടുപ്പാവിലേയ്ക്ക് പുതിയതലങ്ങളിലേയ്ക്ക് യാത്രയാകുകയും
യാത്രയാക്കപ്പെടുകയും ചെയ്യുന്ന സമയം..

കണ്ണീര്‍മഴത്തുള്ളികളാല്‍ പലരും യാത്രയാകുന്നു.. 
എത്ര പെട്ടന്നാണ് വര്‍ഷങ്ങള്‍ അകന്നുമാറിയത്

വര്‍ഷങ്ങള്‍ക്ക് ഇപ്പോള്‍ വെറും നിമിഷങ്ങളുടെ വിലമാത്രം.!!
ഈ നിമിഷം കൊണ്ട് ഈ കിളികള്‍ പറന്നകലുകയാണൊ..?

മാറ്റങ്ങള്‍ അനിവാര്യമാകുന്ന ഈ ജീവിതസാഹചര്യത്തില്‍
രൂപങ്ങള്‍ മാറുകിലും പ്രേരണകള്‍ക്കതീതമാണ് മനുഷ്യമനസ്സ്..
ചൂളപോലെ കത്തുന്ന ഗ്രീഷ്മംമനസ്സിലെ സാന്ത്വനം പോലെ
ഓടിയെത്തുന്ന കൂട്ടുകാര്‍,അതിന്റെമറപറ്റി ഒളിഞ്ഞിരിക്കുന്ന
വേനല്‍പൂക്കള്‍,അതിന്റെ ദിവ്യസുഗന്ധത്തില്‍
ലയിക്കുന്ന ഈ സുദിനം..
മേഘങ്ങള്‍ നമ്മെ മോഹിപ്പിക്കുന്നു.

പ്രണയം പൊലെ ഭ്രമിപ്പിച്ച് സ്വാന്ത്വനം പോലെ തണല്‍
തന്ന്പുഞ്ചിരിപോലെമഴപൊഴിച്ച്ഒടുക്കംകൂട്ടില്‍നിന്നും
തുറന്നുവിട്ടകിളികളെപോലെപറന്നകലുകയാണോ..?

തീരത്തുനിന്നകലുന്ന ഓരോതിരമാലയും വിരഹനൊമ്പരം പൊഴിയ്ക്കുന്നു എന്നും,
പുനസമാഗമത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ടാകും എന്നും കരുതാം.

ഞങ്ങളുടെ ക്യാമ്പസിലെ തണല്‍മരത്തിന്റെ കരിയിലകള്‍ക്കിടയില്‍
കൂടുകൂട്ടിയിരുന്ന എണ്ണമറ്റ സൌഹൃദങ്ങള്‍ ഇന്നു പിരിയുകയാണല്ലൊ..
പേരറിയാത്ത പക്ഷികളൊക്കെ ഇന്നു കൂടുതേടിപ്പോകുകയാണ്..
മനസ്സ് നീറിപ്പുകയാന്‍ തുടങ്ങി.. നീറിപ്പുകയുന്ന മൌനനൊമ്പരവുമായി
ആ കരിയിലകള്‍ക്കിടയിലൂടെ എന്റെ ആട്ടൊഗ്രാഫുമായി ഞാന്‍ നടന്നകന്നു..

എങ്ങും ശൂന്യതകള്‍ മാത്രം.. സ്വപ്നങ്ങള്‍കൂട് കൂട്ടിയിരുന്ന ഈ കരിയിലക്കൂടുകള്‍
ഇന്നുഅന്യമാകുകയാണ്. എന്റെ ആട്ടൊഗ്രാഫിലെ പേജ് മുഴുവന്‍ നിറയ്ക്കണം..
എല്ലാവരില്‍ നിന്നും ഒരു വരി അതില്‍ കുറിക്കണം. സ്നേഹത്തിന്റെ,
സൌഹൃദത്തിന്റെ, വേദനയുടെ, പ്രണയത്തിന്റെ അങ്ങനെയങ്ങനെ
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ആട്ടൊഗ്രാഫുകള്‍ കൈമാറി..
അന്നു ഞാന്‍ അവളുടെ ആട്ടൊഗ്രാഫില്‍ ഇങ്ങനെയെഴുതി.

[കാലചക്രം തിരിയുമ്പോള്‍ നീയെന്നെ മറക്കും.
തീര്‍ച്ചയായും നീയെന്നേയും കാലം നമ്മളേയും..]


എന്റെ ആട്ടൊ ഗ്രാഫും പലപല കൈ മറിഞ്ഞൂ അങ്ങനെ പേജുകള്‍
ഒന്നന്നായി നിറയാന്‍ തുടങ്ങി... അന്നും പതിവുപോലെ ചക്രവാളം ചുവന്നൂ..
ആചക്രവാളങ്ങളുടെതേജസില്‍എനിക്കനഷ്ടമാകുന്നത്എന്റെ സൌഹൃദങ്ങളാണല്ലൊ....എന്നോര്‍ത്തപ്പോള്‍ മനസ്സിലൊരു കനല്‍.....

ആ കരിയിലകള്‍ചിക്കിമാറ്റി ഹോസ്റ്റലില്‍ പോയി ബ്യാഗുമെടുത്ത്
ഞാനും അന്നുവീട്ടിലേയ്ക്ക് യാത്രയായി..

കുളിരൂറുന്ന ആ സായംസന്ധ്യയിലെ ബസ്സ് യാത്ര..
എന്റെ കൈകള്‍ പിടിച്ച് യാത്രപറഞ്ഞ് എന്നെ യാത്രയാക്കിയ
ആ സുഹൃത്തുക്കള്‍ എന്റെ മനസ്സില്‍ ഇന്നുമുണ്ട്..

അങ്ങനെ നോവുന്ന ഓര്‍മകളുമായ് യാത്രതുടര്‍ന്നു.
പാടത്തിനക്കരെ വരെയേ ബസ്സ് വരുകയുള്ളൂ പിന്നെ
കടത്തിലൂടെ പുഴകടന്ന് മഞ്ഞവെയിലാര്‍ന്ന പാടങ്ങള്‍
കടന്ന്കുഞ്ഞരുവി ഓളങ്ങളുടെ താരാട്ടില്‍ മുഴുകുന്ന
പുഴയുടെ തീരത്തുകൂടി വീട്ടിലെത്തിയപ്പോള്‍ കൈവശം
ഉള്ളതെന്തൊ നഷ്ടമായ പ്രതീതിയായിരുന്നു മനസ്സില്‍.

അത്താഴം കഴിഞ്ഞ് നിലാവ്
വെള്ളിപൂശുന്ന ഉമ്മറത്തിരുന്ന് ഞാന്‍ എന്തോ ആലോചിച്ചുപോയി...

ഓര്‍മകള്‍ചിക്കിച്ചികയുന്ന ആ കലാലയം.മനസ്സ് ഇപ്പോഴുംഅവിടെയാണ്..
അസുലഭമോഹവുംതേടി..അനുഭൂതികളുടെ താളവും താണ്ടി....
അതിശയത്തിന്റെ ഗാംഭ്യീര്യവുമായി.. അങ്ങനെ ഒടുവില്‍
എന്റെ ആട്ടൊഗ്രാഫിന്റെ താളുകള്‍ ഞാന്‍ മറിച്ചുനോക്കി..
അതില്‍ ഒരു പേജില്‍ അവളും എഴുതിയിരുന്നു....

[ഇരിട്ടിനും രാത്രിയ്ക്കും വൃക്ഷങ്ങളേയും പൂക്കളേയും മറയ്ക്കാന്‍ പറ്റും.
എന്നാല്‍ ആത്മാവില്‍ നിന്നും നിന്നോടുള്ള പ്രണയത്തെ
മറയ്ക്കാന്‍ കാലത്തിനുപോലും കഴിയില്ലാ]


ഞാന്‍ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്...
ഒരിക്കല്‍ പോലും എന്നോട് ഒരു വാക്ക്.............
എന്റെസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന്, എന്റെ ആശകളേയും,
ആഗ്രഹങ്ങളെയും മനസിലാക്കി, എന്റെ സന്തോഷത്തേയും
ദുഃഖത്തേയും നെഞ്ചില്‍ ചേര്‍ത്ത എന്റെ സ്വന്തം കൂട്ടുകാരി,
പരാജായങ്ങളുടെ ഏണമെടുപ്പില്‍ എന്നെ തോലിപിച്ചൂ‍
കളഞ്ഞല്ലൊ ഭഗവാനെ...................

ഒരു നിമിഷം ഞാന്‍ ഞാനല്ലാതായിമാറി..
അവളുടെമൊഴികളില്‍തുളുമ്പിയ നര്‍മ്മവും,പരിഭവങ്ങളും,
സ്നേഹവും കിന്നാരം മൂളുന്ന ഒരരുവിയായി എന്നിലേയ്ക്ക് ഒഴുകിയെത്തി..


രണ്ട് ചിറകുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറന്നകന്നേനെ
അവളുടെ അരികിലേയ്ക്ക്.എന്നെ ഞാനാക്കിയ, എന്നെയും
എന്റെ മനസ്സിനേയും വളരെയധികം സ്നേഹിച്ച എന്റെ
സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച കൂട്ടുകാരിയുടെ ഓര്‍മയിലായിരുന്നു അന്ന്,
ആ ദിനം എങ്ങനെ പിന്നിട്ടു എന്ന് എനിക്കിപ്പോഴും അറിയില്ലാ..

മഞ്ഞിന്‍ കണങ്ങളിലൂടെ സൂര്യരഷ്മികള്‍ അരിച്ചിറങ്ങുന്ന അടുത്ത
പ്രഭാതത്തില്‍ അവളെ കാണണം സംസാരിക്കണം എന്ന ഉദ്ധേശത്തില്‍
കൂട്ടുകാ‍രന്‍ ഹുനൈസുമായി അവളുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചൂ
ആ യാത്രാമദ്ധ്യേഞങ്ങളുടബസ്സ്ഒരകൊക്കയിലേയ്ക്ക്മറിഞ്ഞൂ..!!

പിന്നീട് ദിവസങ്ങള്‍ പലതുകഴിഞ്ഞപ്പോള്‍ എനിക്ക് ബോധം തിരിച്ചുകിട്ടി..
പക്ഷെ എന്റെ ഹുനൈസ് എന്നില്‍ നിന്നും ഒരുപാടൊരുപാട്
അകലങ്ങളിലേയ്ക്ക് മറഞ്ഞിരുന്നു.. അതും ഞാന്‍ കാരണം.
ആ ഏങ്ങലില്‍ ഞാന്‍.... തകര്‍ന്നൂ..

ശെരിയ്ക്കും സ്വബോധം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനായി മാറുകയായിരുന്നു..


അതിനിടയില്‍ മറവിയുടെ ചക്രവാളങ്ങളിലേയ്ക്ക് എന്റെ
കൂട്ടുകാരിമറയുകയായിരുന്നു.!!

അങ്ങനെ ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍കൊണ്ട്
മുറിവേറ്റ മനസ്സുമായി ദിവസങ്ങളും മാസങ്ങളും ആണ്ടുകളും പിന്നിട്ടൂ..
അങ്ങനെ ഒരുനാള്‍ നാട്ടിലെ അമ്പലത്തില്‍തെയ്യം..
ഞാന്‍ മുണ്ടും നേരിയതും ഉടുത്ത് അമ്പലത്തില്‍
പോയി ഏഴ് പ്രദക്ഷിണം ചെയ്തൂ..
പെട്ടന്ന് കണ്ണുകളില്‍ ഒരു മിന്നലാട്ടം പോലെ അവള്‍-
എന്റെ മുന്നില്‍,ആ ദീപവലയങ്ങള്‍ക്ക് ചുറ്റും പ്രകാശം പരത്തിക്കൊണ്ട്
ഇളം മഞ്ഞസാരിയും നെറ്റിയില്‍ ചന്ദനക്കുറിയുമായി നടന്നകലുന്നത്
എന്റെ ആ പഴയ കൂട്ടുകാരിയല്ലെ.. ഞാന്‍ ശെരിക്കും അവളിലേയ്ക്ക് കണോടിച്ചൂ.


കണ്ടുകൊതിതിരും മുമ്പേ വേര്‍പിരിഞ്ഞുപോയവര്‍.
ദീപങ്ങളുടെ പ്രകാശധാരയില്‍ നിലവിളക്കായിരുന്നു അവള്‍.
ദിപങ്ങളുടെ സ്വര്‍ണ്ണവെളിച്ചത്തില്‍ അവള്‍ക്ക് ഏഴഴകായിരുന്നു..

അറിഞ്ഞിട്ടുംഅറിയാതെകണ്ടിട്ടു കാണാതെ അവള്‍ എന്നെ
കാണുന്നുണ്ടായിരുന്നു,പ്രദക്ഷിണംകഴിഞ്ഞു അമ്പലമുറ്റത്തെത്തിയപ്പോള്‍
ഞാന്‍ അവളുമായി ഒരല്പം സംസാരിച്ചൂ...എല്ലാം തുറന്ന് പറഞ്ഞു
ഒരുവിലാപത്തോടെഅവള്‍ക്കൊപ്പംഞാനുതേങ്ങുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി..

ആ കണ്ണുകള്‍ കൊതിതീരാതെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു
അതിലൂടെ അവളുടെ മുഖത്തെസിന്തൂരം ഞാന്‍ കണ്ടൂ...
ഞങ്ങളുടെ നാട്ടിലെ ഒരുപ്രമാണിയുടെ
മകനുമായി അവളുടെ വിവാഹം കഴിഞ്ഞു അത്രെ.

ദൈവമേ..........എന്നെവീണ്ടുംപരീക്ഷിക്കുകയാണോ..
എനിക്കിഷ്ടമായതെല്ലാംനീ കവര്‍ന്നെടുക്കുകയാണോ..?

നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത് നിന്നുംഒരു സ്വപ്നം പോലെ നീ
എന്തിനു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..?
പിറക്കതെ പോയ എന്‍ കിനാവുകള്‍....ഞാന്‍ കാത്തിരുന്നതാരെ..?
പക്ഷെ ആ ഓര്‍മകളില്‍ കാലം തന്നതോ..?
വിവേകംനഷ്ടപ്പെട്ടെന്നുറപ്പായകണ്ണാടിക്കുട്ടില്‍വെറുതേ
ഞാന്‍ നോക്കിയിരിക്കുന്നതെന്തിന്..എങ്ങുമെത്താതെ
നീ അവസാനിപ്പിച്ച നിന്റെ സ്വപ്നവും.
അതിന്റെ വേരുകള്‍ തേടി ഞാനും നിന്‍ നിഴലായി.

ഒരുകലാലയജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.!!

വര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന ഒരു ജീവനെ ആസ്പദമാക്കി കുറിച്ചത്.


Saturday, June 30, 2007

ആ പറവകള്‍ പറന്നകന്നു.!!

മനം നൊന്തുപാറിപ്പറന്നരാപ്പാടിക്കൂട്ടങ്ങളെ പോലെ
എന്റെ ബാല്യകാല സുഹൃത്തുക്കള്‍ എന്നെവിട്ടകന്നൂ.


എന്റെ സൌഹൃദങ്ങള്‍ ഇലഞ്ഞിപ്പൂക്കള്‍ കൊരുത്തുതന്ന
എന്റെ സൌഹൃദങ്ങള്‍.നാട്ടുമാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍
പെറുക്കിയും പൂപറിച്ചും പൂപ്പാടകള്‍ പെറുക്കിയും നടന്നിരുന്ന കാലം
ഇനി ഒരിക്കലും എന്നെ തേടിവരാത്ത എന്റെ ബാല്യം,
ആ കുളത്തില്‍ ചാടിക്കുളിച്ചതും വര്‍ണമീനുകളെ പിടിച്ചുകൂട്ടിയതും
ഇടവഴികളില്‍ വഴക്കുകൂടിയും. ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും
ആ ചെറുബാല്യം, മഴത്തുള്ളിപോലെ തെന്നി തെറിച്ചു നടന്നിരുന്ന ആ
കാ‍ലഘട്ടം.സൌഹൃദം മനസ്സില്‍ ചേക്കേറിയ ദിനങ്ങള്‍.
നിറം മങ്ങാത്ത ആ സുന്ദര നിമിഷങ്ങള്‍, അതായിരുന്നു
എന്റെ സൌഹൃദങ്ങളുടെ തുടക്കം. തുളസിക്കതിരിന്റെ
നൈര്‍മല്യതയില്‍ വിരിഞ്ഞ എന്റെ സൌഹൃദങ്ങള്‍.

എവിടെ മിത്രങ്ങളെ നിങ്ങള്‍...?

ഈ അന്ധകാരത്തില്‍ എന്നെ തനിച്ചാക്കി അകന്നിരിക്കുന്നതെന്തെ..?


സ്നേഹവും സാന്ത്വനവും ഇടയ്ക്കൊക്കെ പ്രണയവും വിരഹവും
കലര്‍ന്ന ആ കാലഘട്ടം ഇടയ്ക്കൊക്കെ മനസ്സിലേക്ക്
ഒരു ജ്വാലയായ് കടന്ന് വരുന്നൂ...!!എന്റെ ജീവിതത്തിലൂടെ ഒരു ഇളം
തെന്നലായ് തഴുകിതലോടിയകന്ന ആ സൌഹൃദങ്ങള്‍...!!

ഇണക്കങ്ങളും പിണക്കങ്ങളും സമ്മാനിച്ച ആ കുട്ടുകെട്ടുകള്‍,
ജീവിതത്തിലെ ഓരോ നിമിഷവും സ്നേഹസ്വാന്ത്വനം കൊണ്ട്
നിറപ്പകിട്ടാര്‍ന്നവര്‍, ജീവിതം രാഗലോലമാക്കിയവര്‍ ഈ
വൈകിയവേളയില്‍ എന്നെ തനിച്ചാക്കി അകന്നിരിക്കുന്നതെന്തേ..?
വര്‍ഷങ്ങള്‍ അകന്നു മാറുമ്പോള്‍ വസന്തത്തിന്റെ കാല്‍പനികതയില്‍
വേനല്‍ മാറി മഴയായ് പെയ്തിറങ്ങുമ്പോള്‍.. ബാല്യം തുടങ്ങിയകന്നതുവരേയും,
പിന്നെ ജീവിതതിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയകന്നപ്പോഴും
എല്ലാം എനിക്ക് നഷ്ടമായത് എന്റെ സൌഹൃദങ്ങള്‍, തുളസിക്കതിരിന്റെ
നൈര്‍മല്യതയുള്ള എന്റെ സൌഹൃദങ്ങള്‍,  
ഇലകള്‍ പൊഴിയും പോലെ ജീവിതത്തില്‍ നിന്നും
ഇവര്‍ പൊഴിഞ്ഞുപൊകുകയാണോ..?

"പൊഴിഞ്ഞുപോകുന്ന ഇലകളെ നോക്കി തളിരിലചിരിക്കുമ്പോള്‍
ആ തളിരിലയുണ്ടോ അറിയുന്നൂ കാലചക്രം വീണ്ടുമൊരിക്കല്‍
കൂടി കറങ്ങുമ്പോള്‍ ആ തളിരിലയും പൊഴിക്കുമെന്ന്"

ഓരോ ശിശിരത്തിലും മരങ്ങള്‍ ഇലപോഴിച്ചുതുടങ്ങും
വൈകിയാണേലും എല്ലാ ഇലകളും പൊഴിയും ഒടുവില്‍
ഒരു ശീതകാലമത്രയും ഇലകളുടെ നിറച്ചാര്‍ത്തില്ലാതെ തനിച്ചാകുന്ന മരം.!!

ഈ കൊടുംതണുപ്പില്‍ ആശ്രയമാകേണ്ടിയിരുന്ന ഇലകള്‍
പൊഴിഞ്ഞുപോകുന്നതെന്തേ...?


കാലം നല്‍കിയ കളിയരങ്ങില്‍ വെച്ച് കണ്ടുമുട്ടിയ കൂട്ടുകാരും
മറഞ്ഞുപോകുന്നതെന്തേ..? അതാണ് ജീവിതം മനുഷ്യന്റെ സ്വന്തം
പച്ചയായ ജീവിതം.ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും
ചെയ്യുന്നവരുടെ ഈ ലോകത്തില്‍ സൌഹൃദങ്ങള്‍ക്കും
സ്നേഹബന്ധങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വിലയുണ്ടൊ.?

അസ്തമനസൂര്യനെപ്പോലെ ഞാനും അകന്നുമാറുമ്പോള്‍ ഈ
കളിയരങ്ങില്‍ ഒരിക്കല്‍ കൂടി ഒന്ന് ഉദിച്ചുയരാന്‍ അതിയായ ആഗ്രഹം..
അമാവാസിനാളില്‍ ഒരു പൂര്‍ണചന്ദ്രനായ് മാറിയെങ്കില്‍.!!
എത്രയൊ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സുഹൃത്തിനെ കണ്ടുമുട്ടി,
അന്ന് ഒരു പക്ഷിയേപോലെ പറന്നകന്നപ്പോഴും ഇന്നൊരു
പേമാരിപോലെ മുന്നിലെത്തിയപ്പോഴും കാലം തെളിയിച്ചൂ
ഈ സൌഹൃദം ഒരു തീക്കനല്‍ പോലെയാണെന്ന്.!!
ആകാംശയുടേയും ജിക്ഞാസയുടേയും അവസാനം ഒരു
സഹപാഠിയെയെങ്കിലും കണ്ടുമുട്ടിയല്ലോ..!!
എന്റെ ഓര്‍മകള്‍ ഒരു കടിഞ്ഞാണ്‍ ഇല്ലാ‍ത്ത
കുതിരയെപോലെയാകുകയാണൊ...?
ഞാന്‍ എന്റെ മനസ്സിനോട് തന്നെ മന്ത്രിച്ചൂ!!

അതിവേഗം ഓര്‍മകള്‍ പിന്നോട്ട് പാഞ്ഞു, ശരവേഗത്തില്‍
മനസ്സ് ചെന്നെത്തിയത് ആ കളിയരങ്ങില്‍, ഭൂതകാലത്തിലെ
കുറേയേറെ സൌഹൃദങ്ങളുടെ നടുവില്‍. ഒരിക്കലും മറക്കാന്‍
ആഗ്രഹിക്കാത്ത ആ സുന്ദര നിമിഷത്തിലേക്ക്.!!
ദശാബ്ദങ്ങള്‍ പലതുകഴിഞ്ഞെങ്കിലും ഇന്നും മറക്കാത്ത ആ ബാല്യം.!!
ആ നീലിമയില്‍ അറിയാതെ അലിഞ്ഞില്ലാതാകുന്നുവോ ഞാന്‍...
പ്രിയമാര്‍ന്ന ആ യാമത്തിലേക്ക് ഞാന്‍ അലിയുകയാണൊ...
സ്വപ്നങ്ങള്‍ പൂക്കുന്ന ആ കളിയരങ്ങില്‍ ഒരിക്കല്‍ കൂടെ എത്താന്‍
കഴിയുമായിരുന്നെങ്കില്‍........ ഓര്‍മകള്‍ ഒരു ചില്ലുകൊട്ടാരം പോലെ
ആകുന്നുവോ...? ഓര്‍മകള്‍ അവിടെ ഒരു കണ്ണീരിനടിമപ്പെടുന്നുവോ..?

വസന്തവിസ്മയങ്ങള്‍ എനിയ്ക്കായ് കാഴ്ചവെച്ച എന്റെ സഹപാഠികളെ..
നിങ്ങള്‍ എവിടെ...?


നിങ്ങള്‍ ഒരു നിനവായ് മാറുമെങ്കില്‍ ഉറങ്ങാതിരിക്കാം
ഞാന്‍ എക്കാലവും... നിങ്ങള്‍ ഒരു കനവായ് തീരുമെങ്കില്‍
ഉറങ്ങാതുറങ്ങാം  ഞാനീ താഴ്വരയില്‍....
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവപോലെ...
അതുകൊടുക്കാനും പകരാനും കഴിയുക എന്നത് ഒരു

ജീവിതസൌഭാഗ്യം തന്നെയാണല്ലെ..?
നമ്മുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകുന്ന ഒരു നല്ല
സുഹൃത്തിന്റെ സാമീപ്യവും,സാന്നിദ്ധ്യവും ജീവിതത്തില്‍ ഒരു
പൂനിലാമഴയുടെ ആസ്വാദനം നല്‍കില്ലേ..?

ഈ സൌഹൃദത്തിന്റെ തണല്‍ മരങ്ങളില്‍ ഇനിയും
ഒട്ടനവദി ഇലകള്‍ തളിര്‍ക്കുകയും പൂക്കള്‍ വിരിയുകയും
കായ്കനികള്‍ വര്‍ഷിക്കുകയും ചെയ്യട്ടെ എന്ന ശുഭപ്രതീക്ഷ്യില്‍.....


Wednesday, June 21, 2006

എന്റെ ബാല്യകാലം.!!



ഋതുസംക്രമപക്ഷിയുടെ പാട്ടുകേട്ടു ഞാനലിഞ്ഞൂ.
അത് ഓര്‍മകളുടെ തീരാ പ്രവാഹത്തിലേയ്ക്ക് മനസ്സ് സഞ്ചരിച്ചപോലെ.


കഴിഞ്ഞുപോയ ആ ഇന്നലെയുടെ നല്ല ഓര്‍മകള്‍.
നഷ്ടപ്പെട്ടുപോയ ബാല്യം അതിനി വെറും സ്വപ്നങ്ങള്‍ മാത്രം.
ഒരു തിരിനാളമായി മനസ്സില്‍ തെളിയുന്ന ആ വിദ്യാലയം.
ഓര്‍മകള്‍ ഓടിക്കളിക്കുന്ന ആ പൊഴിഞ്ഞുപോയ ദിനങ്ങള്‍.
എന്റെ ജീവിതത്തിലെ മറക്കാനാകാത്ത കുറേയേറെ ഓര്‍മകള്‍
എനിയ്ക്ക് സമ്മാനിച്ച ആ സുവര്‍ണ്ണ നിമിഷങ്ങള്‍..
ആ പഴയ സൌഹൃദത്തിന്റെ ഓര്‍മയ്ക്കായ് ഈ തിരിനാളം.!!


കൈമോശം വന്നുപോയ കുറേയേറെ ഓര്‍മകളും കാലങ്ങളായി
നിലനില്‍ക്കുന്നസൌഹൃദങ്ങളും അതിലുപരി മനസ്സിന്റെ മണിച്ചെപ്പില്‍
അറിയാതെ താഴിട്ട്പൂട്ടിയകുറേയേറെ രക്തബന്ധങ്ങളെ കുറിച്ചുള്ള ഓര്‍മകളും
അങ്ങനെയെല്ലാമെല്ലാംഇന്നു നിറം ചാലിച്ച സ്വപ്നം...
ഓര്‍മകളുടെ ഒരു നിറക്കൂട്ട് പോലെ..
എങ്ങോ കൈവിട്ടുപോയ ചിലനൊമ്പരങ്ങളും വളരെ പഴകിയ
കുറേ ഡയറിക്കുറിപ്പുകളും ആരുടെയൊക്കയൊ കണ്ണുനീര്‍തുള്ളികള്‍
പതിഞ്ഞ അതിന്റെ താളുകളും മാത്രം എനിക്കിന്ന് സ്വന്തം.!!

എത്രയെത്ര സൌഹൃദങ്ങള്‍ പിരിഞ്ഞുപോയി.. ഇക്കാലമത്രയും മനസ്സില്‍
കരുതിയ എത്രയെത്രകൂട്ടുകെട്ടുകള്‍... അതെല്ലാം തിരിച്ചുകിട്ടിയെങ്കില്‍....
കാത്തിരിയ്ക്കാം ആ കാത്തിരിപ്പും സുഖമുള്ള സുഖമുള്ള ഒരു നൊമ്പരമാണല്ലൊ.

അന്ന് ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് അതും നാലാംതരത്തില്‍
പഠികുമ്പോള്‍ഞാന്‍ ഇന്നും ഓര്‍ക്കുന്നു ആ കൂട്ടുകെട്ടിനെ.
[ജിനാസ്, മോന്‍സി,ഫിറോസ്, നിസ്സാം,ഷാനവാസ്,ഷെമീര്‍,പിന്നെ ഞാനും]
ക്ലാസിനു പോകതെ ഒരിയ്ക്കല്‍ കടപ്പുറത്ത് പോയതും
പിന്നെ ആ മുപ്പാലത്തിനടുത്ത്പഴയ ഗോഡൌണില്‍ കയറിയതും,
പഴയകൊട്ടാരത്തില്‍ പോയതും,അതിനിടയില്‍ ഇന്നത്തെ ഫിലിംസ്റ്റാര്‍
ഫാസിലിന്റെ മകനുമായി വഴക്കുകൂടിയതും പിന്നെ ഒരു റയില്‍വേപാലം
അതിനടുത്തൊരു മാവ് കണ്ടാല്‍ വര്‍ഷങ്ങള്‍ പഴക്കം തോന്നിക്കും പിന്നെ
വല്ലാത്തൊരു ഭീതി ഉണര്‍ത്തിക്കുന്ന ചുറ്റുപാടും, വ്യാച്ച് മാന്‍ പറഞ്ഞു
അവിടെ ഭൂതപ്രേതപിശാചുക്കളുടെ താവളമാണ്
അങ്ങോട്ട് പോകരുത്, എന്നാല്‍ അതിനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം
എന്ന ഗമയില്‍ ആ മാവില്‍ കയറി മാങ്ങാ പറിച്ചതും,അവിടെ
കളിച്ചുനടന്ന് സമയം പോയതും,വഴിയരികില്‍ വെച്ച് കൊച്ഛച്ഛന്‍
കണ്ടുമുട്ടിയതും പിന്നെ വീട്ടില്‍ ചെന്നപ്പോള്‍ അടിയുടെ പൊടിപൂരവും
ഹൊ.........സുഖമുള്ള ആ വേദന മനസ്സില്‍ ഇന്നും ആ നല്ല കാലം
ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോദം.


അതെല്ലാം ഒരു ഓര്‍മമാത്രമായി,ഇനി ഒരിയ്ക്കലും നമ്മെ തേടിവരാത്ത ആ സുന്ദരനിമിഷങ്ങള്‍ ....തിരിച്ചുകിട്ടിയേക്കാം പലപ്പോഴായ് പലവഴികളിലൂടെ
ആ കൂട്ടുകെട്ടുകള്‍, എന്റെ ബാല്യം തുടങ്ങുന്ന ദിനങ്ങള്‍ കിഴക്കിന്റെ കൊട്ടാരം
എന്നറിയപ്പെടുന്ന ആലപ്പുഴ പട്ടണത്തിലെ ആ പഴയ യൂപീ സ്കൂള്‍...

[MMA ups]

ആ പിഞ്ചുപ്രായത്തില്‍ മനസ്സില്‍ കയറിപറ്റിയ കുറേയേറെ
സൌഹൃദങ്ങള്എന്റെ ഓര്‍മയിലുള്ള കുറച്ചുപേരുകള്‍
[നിസ്സാമുദ്ധീന്‍, ഫിറോസ്,അന്‍സര്‍,അരുണ്‍,,വിനോദ്,ഷമീര്‍,മോന്‍സി,ബെറ്റി, ഷാനവാസ്,നൌഫല്‍,അന്‍സില്‍, കുഞ്ഞുമോന്‍,സരുണ്‍,ഹുനൈസ്,ജിനാസ്]
[സജീന, അശ്വതി, ചിത്ര,ധന്യ,ജുബൈരി,വൃന്ദ,ഷെമീന,ആഷ,ഷീബ,]

ഈ സൌഹൃദത്തിന്റെ ഏതെങ്കിലും ഒരു കണ്ണി ഇതുകാണും എന്ന
പൂര്‍ണ്ണമനസ്സോടെ.നാലാംതരത്തില്‍ പഠിച്ചിരുന്ന ഫോട്ടൊ

നിധികാക്കുന്ന അരു ഭൂതത്തെപ്പോലെ ഞാനീഫോട്ടൊ ഇന്നും
കാത്തുസൂക്ഷിക്കുന്നൂ

ആ കളിയരങ്ങില്‍ ഒരിയ്ക്കല്‍ കൂടെ എത്താന്‍ കഴിയുമായിരുന്നെങ്കില്‍....
ശലഭങ്ങളെപോലെ പാറിപ്പറന്നുനടന്ന ആ സുന്ദരനിമിഷങ്ങള്‍...
ആ കളിയരങ്ങിലേയ്ക്ക് ഓര്‍മകള്‍

ഓര്‍മകളുടെ ഒരു കോണില്‍ ഇന്നും നിറങ്ങള്‍ മായാതെ മങ്ങാതെ
നിലകൊള്ളുന്നആ സുന്ദരനിമിഷങ്ങള്‍, പോയ നാളുകള്‍,
ഇലകൊഴിഞ്ഞവസന്തങ്ങള്‍, പിന്നിട്ട പാഥകള്‍
നഷ്ടപ്പെട്ട വര്‍ഷങ്ങളും പിന്നെ കുറേ സ്വപ്നങ്ങളും ...

എങ്ങനെയെന്നറിയില്ലാ എന്തിനെന്നറിയില്ലാ
ഒരു തെന്നല്‍ പോലെ അത് പാറിപ്പറക്കുന്നൂ.
ആ മധുരിയ്ക്കുന്ന ഓര്‍മകള്‍ എത്ര മനോഹരമാണല്ലെ...?

ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍
അറിയാതെയാണേലും ഒരു മോഹം.ഈ മോഹങ്ങളൊക്കെ
സഭലമയെങ്കില്‍..എപ്പോഴാണേലും ആ സൌഹൃദം നമ്മെ
തേടിവരും അതിരുകളില്ലാത്ത ആകാശം പോലെ
മനസ്സിനെ പ്രസന്നമാക്കുകയും ചെയ്യും.!!
സൌഹൃദത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ പലപ്പോഴും
നമ്മള്‍ മറന്നുപോകുന്നൂ,പലപ്പോഴും നമ്മുടെ ജീവിതചുറ്റുപാടുകള്‍
മറവിപ്പിയ്ക്കുന്നു എന്നെ പറയുന്നതായിരിയ്ക്കും കൂടുതല്‍ ശെരി അല്ലെ..?
നമ്മുടെ നഗരത്തിരക്കിനിടയില്‍ നാമെല്ലാം അറിയാതെയാണേലും
മറക്കുനില്ലെ ആ പഴയകൂട്ടുകരെയൊക്കെ...
ആ പഴയ ബാല്യകാലസഹപാഠികളെ....
തുളസിക്കതിരിന്റെ നൈര്‍മല്യതയില്‍ വിരിഞ്ഞ
ആ പിഞ്ചുകൂട്ടുകെട്ടിനെ ഓര്‍ക്കാന്‍
ആര്‍ക്കാ സമയം അല്ലെ..?

ആ ബാല്യം ഇന്നുവെറും സ്വപ്നം മാത്രം.!!
അതുപോലെ പരിശുദ്ധവും
പരിപാവനവുമായ ഒരു സൌഹൃദം
നമുക്കിന്ന് കണികാണാന്‍ കഴിയുമൊ.....?
സ്വപ്നങ്ങള്‍ പൂക്കുന്ന താഴ്വരയില്‍ പനിനീര്‍പ്പൂവിന്റെ
സുഗന്ധം പരത്തുന്ന ബാല്യകാലം, വിടരുന്ന പൂമൊട്ടുപോലെ
പരിശുദ്ധമായിരുന്നൂ അത്
അതിന്റെ ദിവ്യസുഗന്ധത്തില്‍ ലയിച്ചില്ലാതാ‍യ ദിനങ്ങള്‍ ..
അതോര്‍ക്കുമ്പോള്‍
ഇന്നും ഒരു ഒരുകുളിര്‍മഴയാ മനസ്സിന്....

ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിയ്ക്കാന്‍ പഠിയ്ക്കുന്ന പ്രാ‍യത്തില്‍
കൂടെയുണ്ടായിരുന്നആ പഴയ കളിക്കൂട്ടുകാരനെ അല്ലെങ്കില്‍
കൂട്ടുകാരിയെ....അല്ലെങ്കില്‍ അറിവിന്റെ ആദ്ധ്യാക്ഷരങ്ങള്‍
പഠിപ്പിച്ചുതന്നഗുരുവിനെ,ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച
സഹപാഠികളെ ......നിങ്ങള്‍ എവിടെ..............?


വര്‍ഷങ്ങള്‍ പേമാരിയായി പെയ്തിറങ്ങിയപ്പോള്‍
എല്ലാ ബന്ധങ്ങളും ചിറകറ്റുപോയി....
ആ തുളസിക്കതിരിന്റെ നൈര്‍മല്യതയുള്ള സൌഹൃദങ്ങളെ
ഒരു കുടക്കീഴില്‍ അണിനിരത്തണമെന്ന ലക്ഷ്യബോദത്തോടെ
എന്റെ എല്ലാ സൌഹൃദത്തിന്റെ കണ്ണികളും ഇതുകാണണം
എന്നമനസ്സോടെ ഇതു ഞാന്‍ സമര്‍പ്പിക്കുന്നൂ..

നമ്മുടെ ജിവിതത്തില്‍ നമുക്ക് സന്തോഷങ്ങള്‍ നല്‍കുന്നതും
പിന്നെ സങ്കടങ്ങള്‍ കൈമാറുന്നതും ഓര്‍മകളാണ്
പോയഭൂതകാലങ്ങളിലെ സുന്ദരമായ നല്ല നിമിഷങ്ങളെകുറിച്ചും
ഇനി ഭാവിയെക്കുറിച്ചുള്ള ഒരുപിടി പ്രതീക്ഷാ നിര്‍ഭരമായ
സ്വപ്നങ്ങളെ കുറിച്ചുള്ള ഓര്‍മകളും മനസ്സിന്റെ ഏതോ
ഒരു കോണില്‍ ഇന്നും വിങ്ങിപ്പൊട്ടുന്നൂ..
ഓര്‍മകള്‍ പൈതലായി മാറുന്നൂ,മുറിഞ്ഞുപോയ എന്റെ
കുറേയേറെ സൌഹൃദങ്ങള്‍, കരിഞ്ഞുതീര്‍ന്ന എന്റെ കനവുകള്‍,
മനസ്സിന്റെ ആത്മശാന്തിയ്ക്കായ് ഇപ്പോള്‍ വീണ്ടും ഓര്‍മകളിലേയ്ക്കൊരു പ്രയാണം
 
കൈവിട്ടുപോയ സ്വപ്നങ്ങളെ ..നിങ്ങളെന്നെത്തേടി ഒരിയ്ക്കലും വരാതിരിയ്ക്കുന്നതെന്തെ..?
ഇന്നത്തെ ദിനങ്ങള്‍ നാളെയുടെ സ്വപ്നങ്ങള്‍ ആയേക്കാം അതുപോലെ
ഇന്നലെയുടെ ഓര്‍മകള്‍ ഇന്നത്തെ കനവുകളായേക്കാം

സ്വപ്നങ്ങളല്ലെ നമ്മുടേയൊക്കെ മുതല്‍ക്കൂട്ട് അതൊക്കെഒന്നോര്‍ത്തുവെയ്ക്കാന്‍ ഒന്ന് ഓമനിയ്ക്കാന്‍ നമ്മളൊരിയ്ക്കലെങ്കിലും മെനക്കെടാറുണ്ടോ..?