Saturday, June 30, 2007

ആ പറവകള്‍ പറന്നകന്നു.!!

മനം നൊന്തുപാറിപ്പറന്നരാപ്പാടിക്കൂട്ടങ്ങളെ പോലെ
എന്റെ ബാല്യകാല സുഹൃത്തുക്കള്‍ എന്നെവിട്ടകന്നൂ.


എന്റെ സൌഹൃദങ്ങള്‍ ഇലഞ്ഞിപ്പൂക്കള്‍ കൊരുത്തുതന്ന
എന്റെ സൌഹൃദങ്ങള്‍.നാട്ടുമാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍
പെറുക്കിയും പൂപറിച്ചും പൂപ്പാടകള്‍ പെറുക്കിയും നടന്നിരുന്ന കാലം
ഇനി ഒരിക്കലും എന്നെ തേടിവരാത്ത എന്റെ ബാല്യം,
ആ കുളത്തില്‍ ചാടിക്കുളിച്ചതും വര്‍ണമീനുകളെ പിടിച്ചുകൂട്ടിയതും
ഇടവഴികളില്‍ വഴക്കുകൂടിയും. ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും
ആ ചെറുബാല്യം, മഴത്തുള്ളിപോലെ തെന്നി തെറിച്ചു നടന്നിരുന്ന ആ
കാ‍ലഘട്ടം.സൌഹൃദം മനസ്സില്‍ ചേക്കേറിയ ദിനങ്ങള്‍.
നിറം മങ്ങാത്ത ആ സുന്ദര നിമിഷങ്ങള്‍, അതായിരുന്നു
എന്റെ സൌഹൃദങ്ങളുടെ തുടക്കം. തുളസിക്കതിരിന്റെ
നൈര്‍മല്യതയില്‍ വിരിഞ്ഞ എന്റെ സൌഹൃദങ്ങള്‍.

എവിടെ മിത്രങ്ങളെ നിങ്ങള്‍...?

ഈ അന്ധകാരത്തില്‍ എന്നെ തനിച്ചാക്കി അകന്നിരിക്കുന്നതെന്തെ..?


സ്നേഹവും സാന്ത്വനവും ഇടയ്ക്കൊക്കെ പ്രണയവും വിരഹവും
കലര്‍ന്ന ആ കാലഘട്ടം ഇടയ്ക്കൊക്കെ മനസ്സിലേക്ക്
ഒരു ജ്വാലയായ് കടന്ന് വരുന്നൂ...!!എന്റെ ജീവിതത്തിലൂടെ ഒരു ഇളം
തെന്നലായ് തഴുകിതലോടിയകന്ന ആ സൌഹൃദങ്ങള്‍...!!

ഇണക്കങ്ങളും പിണക്കങ്ങളും സമ്മാനിച്ച ആ കുട്ടുകെട്ടുകള്‍,
ജീവിതത്തിലെ ഓരോ നിമിഷവും സ്നേഹസ്വാന്ത്വനം കൊണ്ട്
നിറപ്പകിട്ടാര്‍ന്നവര്‍, ജീവിതം രാഗലോലമാക്കിയവര്‍ ഈ
വൈകിയവേളയില്‍ എന്നെ തനിച്ചാക്കി അകന്നിരിക്കുന്നതെന്തേ..?
വര്‍ഷങ്ങള്‍ അകന്നു മാറുമ്പോള്‍ വസന്തത്തിന്റെ കാല്‍പനികതയില്‍
വേനല്‍ മാറി മഴയായ് പെയ്തിറങ്ങുമ്പോള്‍.. ബാല്യം തുടങ്ങിയകന്നതുവരേയും,
പിന്നെ ജീവിതതിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയകന്നപ്പോഴും
എല്ലാം എനിക്ക് നഷ്ടമായത് എന്റെ സൌഹൃദങ്ങള്‍, തുളസിക്കതിരിന്റെ
നൈര്‍മല്യതയുള്ള എന്റെ സൌഹൃദങ്ങള്‍,  
ഇലകള്‍ പൊഴിയും പോലെ ജീവിതത്തില്‍ നിന്നും
ഇവര്‍ പൊഴിഞ്ഞുപൊകുകയാണോ..?

"പൊഴിഞ്ഞുപോകുന്ന ഇലകളെ നോക്കി തളിരിലചിരിക്കുമ്പോള്‍
ആ തളിരിലയുണ്ടോ അറിയുന്നൂ കാലചക്രം വീണ്ടുമൊരിക്കല്‍
കൂടി കറങ്ങുമ്പോള്‍ ആ തളിരിലയും പൊഴിക്കുമെന്ന്"

ഓരോ ശിശിരത്തിലും മരങ്ങള്‍ ഇലപോഴിച്ചുതുടങ്ങും
വൈകിയാണേലും എല്ലാ ഇലകളും പൊഴിയും ഒടുവില്‍
ഒരു ശീതകാലമത്രയും ഇലകളുടെ നിറച്ചാര്‍ത്തില്ലാതെ തനിച്ചാകുന്ന മരം.!!

ഈ കൊടുംതണുപ്പില്‍ ആശ്രയമാകേണ്ടിയിരുന്ന ഇലകള്‍
പൊഴിഞ്ഞുപോകുന്നതെന്തേ...?


കാലം നല്‍കിയ കളിയരങ്ങില്‍ വെച്ച് കണ്ടുമുട്ടിയ കൂട്ടുകാരും
മറഞ്ഞുപോകുന്നതെന്തേ..? അതാണ് ജീവിതം മനുഷ്യന്റെ സ്വന്തം
പച്ചയായ ജീവിതം.ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും
ചെയ്യുന്നവരുടെ ഈ ലോകത്തില്‍ സൌഹൃദങ്ങള്‍ക്കും
സ്നേഹബന്ധങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വിലയുണ്ടൊ.?

അസ്തമനസൂര്യനെപ്പോലെ ഞാനും അകന്നുമാറുമ്പോള്‍ ഈ
കളിയരങ്ങില്‍ ഒരിക്കല്‍ കൂടി ഒന്ന് ഉദിച്ചുയരാന്‍ അതിയായ ആഗ്രഹം..
അമാവാസിനാളില്‍ ഒരു പൂര്‍ണചന്ദ്രനായ് മാറിയെങ്കില്‍.!!
എത്രയൊ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സുഹൃത്തിനെ കണ്ടുമുട്ടി,
അന്ന് ഒരു പക്ഷിയേപോലെ പറന്നകന്നപ്പോഴും ഇന്നൊരു
പേമാരിപോലെ മുന്നിലെത്തിയപ്പോഴും കാലം തെളിയിച്ചൂ
ഈ സൌഹൃദം ഒരു തീക്കനല്‍ പോലെയാണെന്ന്.!!
ആകാംശയുടേയും ജിക്ഞാസയുടേയും അവസാനം ഒരു
സഹപാഠിയെയെങ്കിലും കണ്ടുമുട്ടിയല്ലോ..!!
എന്റെ ഓര്‍മകള്‍ ഒരു കടിഞ്ഞാണ്‍ ഇല്ലാ‍ത്ത
കുതിരയെപോലെയാകുകയാണൊ...?
ഞാന്‍ എന്റെ മനസ്സിനോട് തന്നെ മന്ത്രിച്ചൂ!!

അതിവേഗം ഓര്‍മകള്‍ പിന്നോട്ട് പാഞ്ഞു, ശരവേഗത്തില്‍
മനസ്സ് ചെന്നെത്തിയത് ആ കളിയരങ്ങില്‍, ഭൂതകാലത്തിലെ
കുറേയേറെ സൌഹൃദങ്ങളുടെ നടുവില്‍. ഒരിക്കലും മറക്കാന്‍
ആഗ്രഹിക്കാത്ത ആ സുന്ദര നിമിഷത്തിലേക്ക്.!!
ദശാബ്ദങ്ങള്‍ പലതുകഴിഞ്ഞെങ്കിലും ഇന്നും മറക്കാത്ത ആ ബാല്യം.!!
ആ നീലിമയില്‍ അറിയാതെ അലിഞ്ഞില്ലാതാകുന്നുവോ ഞാന്‍...
പ്രിയമാര്‍ന്ന ആ യാമത്തിലേക്ക് ഞാന്‍ അലിയുകയാണൊ...
സ്വപ്നങ്ങള്‍ പൂക്കുന്ന ആ കളിയരങ്ങില്‍ ഒരിക്കല്‍ കൂടെ എത്താന്‍
കഴിയുമായിരുന്നെങ്കില്‍........ ഓര്‍മകള്‍ ഒരു ചില്ലുകൊട്ടാരം പോലെ
ആകുന്നുവോ...? ഓര്‍മകള്‍ അവിടെ ഒരു കണ്ണീരിനടിമപ്പെടുന്നുവോ..?

വസന്തവിസ്മയങ്ങള്‍ എനിയ്ക്കായ് കാഴ്ചവെച്ച എന്റെ സഹപാഠികളെ..
നിങ്ങള്‍ എവിടെ...?


നിങ്ങള്‍ ഒരു നിനവായ് മാറുമെങ്കില്‍ ഉറങ്ങാതിരിക്കാം
ഞാന്‍ എക്കാലവും... നിങ്ങള്‍ ഒരു കനവായ് തീരുമെങ്കില്‍
ഉറങ്ങാതുറങ്ങാം  ഞാനീ താഴ്വരയില്‍....
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവപോലെ...
അതുകൊടുക്കാനും പകരാനും കഴിയുക എന്നത് ഒരു

ജീവിതസൌഭാഗ്യം തന്നെയാണല്ലെ..?
നമ്മുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകുന്ന ഒരു നല്ല
സുഹൃത്തിന്റെ സാമീപ്യവും,സാന്നിദ്ധ്യവും ജീവിതത്തില്‍ ഒരു
പൂനിലാമഴയുടെ ആസ്വാദനം നല്‍കില്ലേ..?

ഈ സൌഹൃദത്തിന്റെ തണല്‍ മരങ്ങളില്‍ ഇനിയും
ഒട്ടനവദി ഇലകള്‍ തളിര്‍ക്കുകയും പൂക്കള്‍ വിരിയുകയും
കായ്കനികള്‍ വര്‍ഷിക്കുകയും ചെയ്യട്ടെ എന്ന ശുഭപ്രതീക്ഷ്യില്‍.....